തൃശൂർ: ഒടുവിൽ ഷഹാനയെ തനിച്ചാക്കി പ്രണവ് മടങ്ങി. പ്രണയത്തിൻ്റെ ശക്തി കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച തൃശൂർ സ്വദേശിയായ പ്രണവ് വെള്ളിയാഴ്ച രാവിലെയാണ് രക്തം ഛർദ്ദിച്ചത്. അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രണവിൻ്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന.എട്ടു വർഷങ്ങൾക്കു മുൻപ് നടന്ന അപകടത്തിലാണ് പ്രണവ് നെഞ്ചിനു താഴേക്കു തളർന്ന് കിടപ്പിലായത്. കൂട്ടുകാരനുമായി ബൈക്കിൽ പോകവേ ബൈക്ക് സ്കിഡ് ആയി മതിലിൽ ഇടിച്ചതിനെ തുടർന്ന് പുറകിലിരുന്ന പ്രണവ് തെറിച്ചു പോയി അടുത്തുള്ള ഒരു തെങ്ങിലിടിച്ചു നിലത്ത് വീണു.ആശുപത്രിയിൽ എത്തിച്ച പ്രണവ് ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നു.

തുടർന്ന്
ഓപ്പറേഷൻ ചെയ്തെങ്കിലും സ്പൈനൽ കോഡ് ഇഞ്ചുറി ആയതിനാൽ ശരീരം നെഞ്ചിന് താഴോട്ട്
തളർന്നു പോയിരുന്നു. തുടർന്ന് കൂട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്തോടെയാണ് പ്രണവ് ജീവിതത്തിലേക്കു തിരിച്ചു വന്നത്.
ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രണവിൻ്റെ ജീവിതം കണ്ടറിഞ്ഞ തിരുവനന്തപുരം സ്വദേശിയായ ഷഹാന തേടിയെത്തി. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരാകുകയുമായിരുന്നു.