തൃത്താല: മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ക്ഷുഭിതനായ മന്ത്രി
എം.എം. മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
നേതാവും എംഎല്‍എയുമായ വി.ടി. ബല്‍റാം രംഗത്ത്.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍
പാളിച്ചകളുണ്ടായെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
വന്നതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തക മന്ത്രിയെ
സമീപിച്ചപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്.
എത്ര
ധിക്കാരത്തോടെയാണ് പൊതുജനങ്ങളുടെ ചെലവില്‍ മന്ത്രിയായി
ഇരിക്കുന്ന ഈ സിപിഎമ്മുകാരന് ഒരു വനിതാ
മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറുന്നതെന്ന് ബല്‍റാം
പറഞ്ഞു.
"പോ... പോകാന്‍ പറഞ്ഞാല്‍ പോണം... മേലാല്‍
എന്റെ വീട്ടില്‍ കേറിപ്പോകരുത്' എന്നൊക്കെപ്പറഞ്ഞ്
ആട്ടിപ്പായിക്കുന്നത് ജനങ്ങള്‍ക്കറിയാന്‍ അവകാശമുള്ള
ഒരു പൊതു വിഷയത്തില്‍ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട്
ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്ത്തകരേയാണെന്നും അദ്ദേഹം
പറഞ്ഞു.
ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ
തറവാട്ടുവീട്ടില്‍ നിന്നൊന്നുമല്ല. മന്ത്രി എന്ന നിലയില്‍
നല്കിയ ഔദ്യോഗിക വസതിയില്‍ നിന്നാണ്. ഇവരെയൊക്കെ
സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ
ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.