തിരുവനന്തപുരം: വാഹനങ്ങളിലെ തീപ്പിടുത്തം തടയുന്നതിന് സമഗ്ര പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്.വൈദ്യുത വാഹനങ്ങളുടെ സാങ്കേതികതയെ പറ്റി ഉദ്യോഗസ്ഥർക്കെല്ലാം പരിശീലനം നൽകാനും എംവിഡി നടപടികൾ ആരംഭിച്ചു. ഇത്തരം അപകടങ്ങൾ വേനൽക്കാലത്ത് കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.ചെന്നൈ ഐഐടി, എൻജിനിയറിങ് കോളേജുകൾ എന്നിവയുടെ സഹായത്തോടെയായിരിക്കും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക. വാഹനങ്ങളിൽ തീപിടിക്കാനുള്ള സാധ്യത കുറച്ചു കൊണ്ടുവരാൻ ശ്രീചിത്ര എൻജിനിയറിങ് കോളേജ്, ഗവൺമെൻ്റ് എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നുണ്ട്.വൈദ്യുത വാഹനങ്ങളിലടക്കം തീപ്പിടുത്തം സംഭവിക്കുന്നതിൻ്റെ സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളും വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ആദ്യ പടിയായി ഇതു വരെ നടന്ന തീപ്പിടുത്തങ്ങളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഓൺലൈൻ സർവേയിലൂടെ ശേഖരിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം.
