ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്‍ണ്ണായകമാണ്. മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
പത്മകുമാറിന് വിലങ്ങ് വേണ്ട'; പൊലീസിന് നിര്‍ദേശം
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിനെ വിലങ്ങണിയിക്കേണ്ടെന്ന് നിര്‍ദേശമുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഉദ്യോഗസ്ഥ നിര്‍ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍.വാസുവിനെ കൈവിലങ്ങണിയിച്ചത് വിവാദമായിരുന്നു. എന്നാല്‍ 'ഒരു കയ്യില്‍ വിലങ്ങിടട്ടേ എന്ന് വാസുവിനോട് ചോദിച്ച് അനുമതി വാങ്ങിയ ശേഷമാണ് വിലങ്ങിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വകുപ്പുതല അന്വേഷണത്തിലാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്.
എന്‍.വാസുവിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങണിയിച്ചത് നിയമവിരുദ്ധമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമ സ്വഭാവമുള്ളവര്‍ ചാടിപ്പോകാന്‍ സാധ്യതയുള്ളവര്‍, യുഎപിഎ പോലുള്ള അതിഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍, ആത്മഹത്യാപ്രവണത പുലര്‍ത്തുന്നവര്‍ എന്നിവരെ മാത്രം കൈവിലങ്ങ് അണിയിച്ചാല്‍ മതിയെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്. വാസുവിന്‍റെ കേസില്‍ ഈ സാഹചര്യങ്ങള്‍ ഇല്ലാതിരിക്കെ അനാവശ്യമായാണ് വിലങ്ങിടീച്ചത് എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്നാണ് തിരുവനന്തപുരം കമ്മിഷണര്‍ എ.ആര്‍.ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്‍റിനോട് റിപ്പോര്‍ട്ട് തേടിയത്.












































































