തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം മതസംഘടനകൾക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാൽ സമരം നടത്തുമെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാൽ സമയ മാറ്റത്തിന്‍റെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനാണ് ചർച്ചയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കം വിശദീകരിക്കുന്നു. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതമാണ് വർധിപ്പിച്ചത്.
സ്കൂൾ സമയ മാറ്റത്തിന് എതിരെ സമസ്തയ്ക്ക് പിന്നാലെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും രംഗത്ത് വന്നിരുന്നു. സംസ്ഥാന സർക്കാരിന്റെത് ഫാസിസ്റ്റ് സമീപനമെന്നാരോപിച്ച് സുന്നി നേതാവ് നാസർഫൈസി കൂടത്തായിയും വിമർശനം ഉന്നയിച്ചു. മത സംഘടനകളുടെ ആവശ്യം ന്യായമെന്നാണ് മുസ്ലിം ലീഗും നിലപാടെടുത്തത്. എന്നാൽ രൂക്ഷമായാണ് മന്ത്രി വി ശിവൻകുട്ടി ഇതിനോട് പ്രതികരിച്ചത്. ന്യൂനപക്ഷ സമ്മർദ്ദത്തിന് വഴങ്ങിയെന്ന വിലയിരുത്തിലുണ്ടാകുമെന്ന് കരുതിയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
നേരത്തെ നിയമസഭയിലെടുത്ത തീരുമാനം അടക്കം സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ പിൻവലിച്ചിരുന്നു. എങ്കിലും ഇത്തവണ വഴങ്ങില്ല എന്നാണ് മന്ത്രിയുടെയും സർക്കാരിന്റയും ഭാഗത്ത് നിന്നുള്ള പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.