ഇസ്രയേലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ബത്തേരി സ്വദേശിയുടെ ഭാര്യയും മരിച്ചു.
അഞ്ചുമാസം മുൻപ് ഇസ്രയേലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി. സുകുമാരൻ്റെ (38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്‌മ(34)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ രേഷ്‌മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഇസ്രയേലിൽ കെയർ ഗിവറായി ജോലിചെയ്യുകയായിരുന്ന ജിനേഷിനെയും വീട്ടുടമയായ വയോധികയെയുമാണ് അഞ്ചുമാസം മുൻപ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീയെ കുത്തേറ്റനിലയിലും ജിനേഷിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടത്. ഇരുവരെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നതൊന്നും വ്യക്തമായിരുന്നില്ല.














































































