നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിലൂടെ സ്കൂൾ പ്രവേശനം, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ സുഗമമാക്കാം
ഏഴ് വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങളുടെ നിർബന്ധിത പുതുക്കല്‍ പ്രക്രിയയുടെ പ്രാധാന്യം യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവര്‍ത്തിച്ച് വ്യക്തമാക്കി. ആധാറിന്റെ അടിസ്ഥാന ആവശ്യകതയാണിതെന്നും ആധാർ സേവാ കേന്ദ്രങ്ങളിലൂടെയും നിയുക്ത ആധാർ കേന്ദ്രത്തിലൂടെയും മാതാപിതാക്കൾക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ കുട്ടിയുടെ വിശദാംശങ്ങൾ പുതുക്കാമെന്നും അതോറിറ്റി അറിയിച്ചു.
5 നും 7 നും ഇടയിൽ പ്രായക്കാരായ കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങള്‍ സൗജന്യമായി പുതുക്കാം
അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയ്ക്ക് പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും നൽകി ആധാര്‍ എടുക്കാം. പ്രായപൂർത്തിയാകാത്തതിനാൽ ആധാർ വിവരശേഖരണത്തിന്റെ ഭാഗമായി ഇവരുടെ വിരലടയാളങ്ങളോ നേത്രപടല രേഖകളോ ശേഖരിക്കില്ല.
നിലവിലെ നിയമപ്രകാരം കുട്ടിയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോൾ വിരലടയാളങ്ങളും നേത്രപടല രേഖകളും ഫോട്ടോയും ആധാറില്‍ പുതുക്കേണ്ടത് നിർബന്ധമാണ്. ഇത് ആദ്യ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ (എംബിയു) എന്നറിയപ്പെടുന്നു. അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ വിവരങ്ങള്‍ പുതുക്കുന്ന ഈ പ്രക്രിയ സൗജന്യമാണ്. എന്നാൽ ഏഴ് വയസ്സിന് ശേഷം നിശ്ചിത 100 രൂപ ഫീ ഈടാക്കുന്നു.
കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്താന്‍ സമയബന്ധിതമായി ഈ വിവരങ്ങള്‍ പുതുക്കേണ്ടത് അനിവാര്യമാണ്. ഏഴുവയസ്സിന് ശേഷവും ഈ വിവരങ്ങള്‍ പുതുക്കാത്തപക്ഷം നിലവിലെ നിയമപ്രകാരം ആധാർ നമ്പർ പ്രവര്‍ത്തനരഹിതമാക്കാവുന്നതാണ്.
വിവരശേഖരണം മുതൽ അവസരങ്ങള്‍ വരെ - ഓരോ ഘട്ടവും ശാക്തീകരിച്ച് ആധാര്‍
പുതുക്കിയ ബയോമെട്രിക് വിവരങ്ങളടങ്ങുന്ന ആധാർ ദൈനംദിന ജീവിതം സുഗമമാക്കാന്‍ സഹായിക്കുന്നതിനൊപ്പം സ്കൂൾ പ്രവേശനം, പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യൽ, സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ നേടൽ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡിബിടി) പദ്ധതികൾ തുടങ്ങിയ സേവനങ്ങൾക്ക് ആധാറിന്റെ തടസരഹിത ഉപയോഗം ഉറപ്പാക്കുന്നു. മാതാപിതാക്കൾ/രക്ഷാകര്‍ത്താക്കള്‍ കുട്ടികളുടെ ബയോമെട്രിക്സ് വിവരങ്ങള്‍ മുൻഗണനാക്രമത്തിൽ ആധാറിൽ പുതുക്കേണ്ടതാണ്.
ബയോമെട്രിക് വിവരങ്ങളുടെ പുതുക്കല്‍ നടപടിക്രമം പൂർത്തിയാക്കേണ്ട കുട്ടികളുടെ ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് യുഐഡിഎഐ എസ്എംഎസ് സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്.