ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇ ഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇ ഡിക്ക് കൈമാറും.
കേസ് ഇ ഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഇ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ് ഐ ടി എതിർത്തിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ ഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ് ഐ ആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ് ഐ ടി എതിർപ്പ് അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ് ഐ ടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ് ഐ ടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷൻ അറിയിച്ചത്.















































































