ഫോക്‌സ് നട്ട്‌സ്, ഗാർഗോൺ നട്ട്‌സ് ഇങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന മഖാന പ്രതിരോധ ശേഷി കൂട്ടാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർമാർ, ഡയറ്റീഷ്യന്മാർ, ആരോഗ്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരൊക്കെ കൊഴുപ്പ് കുറഞ്ഞ നിറയെ പ്രോട്ടീനുകളുള്ള ഈ ഭക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. പക്ഷേ ന്യൂട്ടീഷ്യണിസ്റ്റായ നന്ദിനി അഗർവാളിന് പറയാനുള്ളത് മഖാനയെ കുറിച്ചുള്ള ചില മുന്നറിയിപ്പുകളാണ്. പോഷകഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുമ്പോൾ തന്നെ ഇതിന് മറ്റൊരു വശം കൂടി ഉണ്ടെന്ന് മനസിലാക്കണമെന്നാണ് നന്ദിനി പറയുന്നത്.
പ്രോട്ടീനും, ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണെങ്കിലും, ഇത്തരം സൂപ്പർ ഫുഡുകൾ എല്ലാവർക്കും നല്ലതായിരിക്കണമെന്നില്ല. നിലവിലെ ട്രെൻഡുകൾ നോക്കിയല്ല നമ്മൾ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്, നമ്മുടെ ശരീരത്തിന് അത് എത്രമാത്രം അനുയോജ്യമാണെന്ന് കൂടി ചിന്തിക്കണം. ഡയറ്റിന്റെ ഭാഗമായോ, ജോലിയുടെ ഇടവേളകളിലോ മഖാനയാണ് ദിവസവും നിങ്ങൾ കഴിക്കുന്നതെങ്കിൽ അത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മഖാനയിൽ ഡയട്രി ഫൈബറുകളുടെ അളവ് വളരെ കുറവാണെന്നത് പൊതുവേ ആർക്കും അറിയാത്ത കാര്യമാണ്. പഫിയായ താമര വിത്തുകൾ കാണുമ്പോൾ പെട്ടെന്ന് ദഹിക്കുമെന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ടാകും. മുമ്പ് തന്നെ മലബന്ധം പോലുള്ള ബുദ്ധിമുട്ടുള്ളവർക്ക് വീണ്ടും അത് ബുദ്ധിമുട്ടുണ്ടാക്കും. ഫൈബർ വളരെ കുറവാണെന്ന കാരണം കൊണ്ടു തന്നെ വയറിന് അത്രനല്ലതല്ല ഈ മഖാന. ഇത് വയറിലെ ഉരുണ്ട്കയറ്റത്തിനും അസ്വസ്ഥതയ്ക്കും ഇത് കാരണമാകും.
കൊഴുപ്പ് അധികമില്ലാത്തതിനാൽ ഭാരം കുറയ്ക്കുന്നവരും എപ്പോഴും തിരഞ്ഞെടുക്കുന്ന ഭക്ഷണ സാധനമാണ് മഖാന, എന്നാൽ അമിതഭാരം മൂലം ബുദ്ധിമുട്ടുന്നവരും ഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരും മഖാന ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ചെറിയ ബൗളിൽ കുറച്ച് മഖാന കഴിക്കുന്നത് ഒരു പ്രശ്‌നമല്ല, പക്ഷേ നൂറു ഗ്രാം കഴിക്കുന്നതും കാലറി കൂട്ടും. വണ്ണവും ഭാരവും കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നൂറു ഗ്രാമൊക്കെ കഴിക്കാം പക്ഷേ അതിനപ്പുറം പോയാൽ ലക്ഷ്യത്തിലെത്താൻ പാടാണ്. കാർബോഹൈട്രേറ്റ്‌സ് നിറഞ്ഞ മഖാന അനാവശ്യമായി കാലറിയുടെ അളവ് കൂട്ടും. അപ്പോൾ ആരോഗ്യകരമാണെന്ന് വിപണിയിൽ മാർക്കറ്റിങ് നടക്കുമ്പോൾ നമ്മുടെ ശരീരത്തിന് അത് ആവശ്യമാണോ എന്നുകൂടി ചിന്തിക്കണം.
വൃക്കയുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവർ മഖാന കഴിക്കുമ്പോൾ ശ്രദ്ധിച്ചേ തീരു. പൊട്ടാസ്യം വൻ തോതിൽ അടങ്ങിയിട്ടുള്ള ഭക്ഷണ സാധനമാണിത്. ഇതിനൊപ്പം മറ്റ് ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ മഖാന കഴിക്കുന്നത് ഒഴിവാക്കിയേ തീരു. ചെറിയ തോതിൽ കഴിച്ചാലും അപകടകരമാണ്. ഇത്തരം രോഗികളിൽ ഹൃദയത്തിന്റെ താളം തെറ്റിക്കാവുന്ന ഹൈപ്പർകലീമിയ അടക്കം ഉണ്ടാകാം.