ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടാനുള്ള ദൗത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അരിക്കൊമ്പനെ പിടികൂടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ ഘട്ടത്തിലാണ് ഹൈക്കോടതി ഇടപെടൽ. 29ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. എന്നാൽ ഇത് ദൗർഭാഗ്യകരമായ നടപടി ആണെന്നും, ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻറുമാർ പ്രതികരിച്ചു. ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിർപ്പ് അറിയിച്ചു.
