കൊട്ടാരക്കര റെയിൽവേ മേല്‍പ്പാലത്തിനു സമീപം ശിവവിലാസത്തില്‍ യമുന നടുവേദന സംഹാരിയായ നെയ്വള്ളി തേടിയാണ് രാവിലെ പതിനൊന്നോടെ സ്കൂട്ടറില്‍ ഉഗ്രൻകുന്നിലെത്തിയത്. ആളൊഴിഞ്ഞ മേഖലയിലെ വീട്ടുവളപ്പില്‍ തകരഷീറ്റുകൊണ്ടു മറച്ചിട്ടിരുന്ന ഉപയോഗശൂന്യമായ കിണറ്റിലേക്ക് വഴുതിവീഴുകയായിരുന്നു. വെള്ളമില്ലാത്ത കിണറ്റില്‍ കാല്‍ മടങ്ങിയിരിപ്പായി. കുറേനേരം സഹായത്തിനായി ഉറക്കെവിളിച്ചു. മുകളില്‍നിന്നു കല്ലും മണ്ണും ദേഹത്തേക്കുവീണു. ഹെല്‍മെറ്റ് തലയിലിരുന്നതിനാല്‍ പരിക്കേറ്റില്ല.
ക്ഷീണിച്ചു തളർന്ന് എപ്പോഴോ മയങ്ങി, മഴത്തുള്ളികള്‍ വീണപ്പോഴാണ് ഉണർന്നത്, നനഞ്ഞു വിറച്ചു, വീണ്ടും പ്രതീക്ഷയോടെ വിളിതുടർന്നു. ഇരുട്ടുപരന്നതോടെ ആശങ്കയായി. എങ്കിലും ഭർത്താവ് ദിലീപ് തേടിവരുമെന്ന വിശ്വാസം കൈവിട്ടില്ലെന്ന് യമുന പറയുന്നു. നീലേശ്വരം റോഡില്‍ ലോട്ടറിക്കട നടത്തുന്ന യമുനയുടെ വീട്ടില്‍ പ്രഭാതഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഉഗ്രൻകുന്നിലേക്കു പോയത്.
പുനലൂരില്‍ ടൈല്‍സ് പണിക്കു പോയിരുന്ന ദിലീപിനെ സഹോദരനാണ് യമുനയെ കാണാനില്ലെന്ന വിവരം വൈകീട്ട് അഞ്ചോടെ അറിയിച്ചത്. കൊട്ടാരക്കരയിലെത്തിയ ദിലീപും ബന്ധുക്കളും പട്ടണത്തിലും സമീപ പ്രദേശങ്ങളിലും ആകെ തിരഞ്ഞു. പോലീസില്‍ പരാതി നല്‍കി. എന്തു ചെയ്യണമെന്നറിയാതെയുള്ള ആലോചനയിലാണ് മുൻപ് വാടകയ്ക്കു കഴിഞ്ഞിരുന്ന ഉഗ്രൻകുന്ന് ഓർമ്മയിലെത്തിയത്. സുഹൃത്തിനെയുംകൂട്ടി ദിലീപ് അവിടെയെമ്പോൾ രാത്രി 11. റോഡരികില്‍ സ്കൂട്ടർ കണ്ടു. ടോർച്ച് തെളിച്ചു പരിശോധിക്കുന്നതിനിടെയാണ് ആരെങ്കിലും രക്ഷിക്കണേ എന്ന നേർത്ത കരച്ചില്‍ കേള്‍ക്കുന്നത്. ആദ്യ കേള്‍വിയില്‍ത്തന്നെ യമുനയുടെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. അരണ്ട വെളിച്ചത്തില്‍ കുനിഞ്ഞിരിക്കുന്ന യമുനയെ കണ്ടു.
വിളിച്ചപ്പോൾത്തന്നെ അഗ്നിരക്ഷാസേനയും പോലീസും ഓടിയെത്തി. ഫയർ ആൻഡ് െറസ്ക്യു ഓഫീസർ വർണാനാഥൻ കിണറ്റിലേക്ക് സുരക്ഷിതമായി വലയിലിരുത്തി യമുനയെ പുറത്തേക്കെടുക്കുമ്പോൾ സമയം രാത്രി 12 പിന്നിട്ടു. കുറച്ചുനേരംകൂടി കഴിഞ്ഞിരുന്നെങ്കില്‍ യമുന അബോധാവസ്ഥയിലായേനെ എന്ന് ഡോക്ടർമാർ പറഞ്ഞു. വീണതിന്റെ ആഘാതത്തിലുണ്ടായ വേദനകളല്ലാതെ കാര്യമായ പരിക്കുകളില്ല.