ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങൾ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങൾ നമ്മൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര പിഴവ് സംഭവിച്ചത്.
ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകളാണ് മുറിച്ചുമാറ്റേണ്ടി വന്നത്. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്.
പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി നീതു ബന്ധപ്പെടുന്നത്. 5 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിൻമാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയായിരുന്നു. ഇതേ ആശുപത്രിക്കെതിരെ മറ്റൊരു ഗുരുതര പിഴവ് ആരോപണവും ഉണ്ടെന്നാണ് നീതുവിന്റെ ഭർത്താവ് പത്മജിത് പറയുന്നത്. 2024ൽ ഇതേ ആശുപത്രിയിൽവെച്ച് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ നടത്തിയ ഒരാൾ മരിച്ചിരുന്നു.