കോട്ടയം: കോട്ടയത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചുവരുന്ന നമ്മുടെ കോട്ടയം കൂട്ടായ്മ അഭിമാനകരമായ തീരുമാനമായി മുന്നോട്ടു വന്നിരിക്കുകയാണ്. കോട്ടയം കോടിമതയില്‍ വികസനത്തിന്റെ ഭാഗമായി പണി തുടങ്ങിയ പാലം കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി പാതിവഴിയില്‍ പണിപൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതെ മുടങ്ങിക്കിടക്കുന്നത്. പാലം പണിനടക്കുന്നതിന് സമീപപ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ടു നിര്ദ്ധനകുടുംബങ്ങളുടെ പുനഃരധിവാസത്തിന് തടസ്സം സംഭവിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്ന സാഹചര്യമുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലങ്ങളായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പുനഃരധിവാസങ്ങള്ക്കുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
തീര്‍ത്തും പാവപ്പെട്ടതും സഹായത്തിന് ആരുമില്ലാത്ത നിര്ദ്ധരരായവരുടെ രണ്ടു വീടുകളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപമുള്ളത്. അതിലൊന്നില്‍ രോഗിയും പ്രായവുമായ അമ്മുമ്മയും മറ്റൊന്നില്‍ അമ്മയും മോളും മാത്രമാണുള്ളത്. ഈ നിര്‍ദ്ധനരായ കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുന്നത് നമ്മുടെ കോട്ടയം എന്ന കൂട്ടായ്മയാണ്. വര്‍ഷങ്ങളായി കുടിലില്‍ കഴിഞ്ഞുവരുന്ന ഈ കുടുംബങ്ങള്‍ക്ക് വീടുകള്‍ വാങ്ങിച്ച് കൊടുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനു മുന്നോടിയായി കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എല്ലാവിധ സഹായ സഹകരണങ്ങളും കൂടാതെ അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളവും ഇതിനായി വാഗ്ദാനം ചെയ്തു. നടപടി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുവാനുള്ള നീക്കത്തിലാണ് കൂട്ടായ്മയിലെ ഭാരവാഹികള്‍.