ആലപ്പുഴ: വീട്ടിൽ തെരുവുനായ്ക്കളെ വളർത്തുകയും മാലിന്യം കൂട്ടിയിട്ട് ആരോഗ്യഭീഷണി ഉയർത്തുകയും ചെയ്ത ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ 49-ാം വാർഡിൽ ആറാട്ടുവഴി പാലത്തിന് സമീപം മീരാ ഹോംസ്റ്റേ നടത്തുന്ന പ്രീതി, ബിനു ജേക്കബ് എന്നിവർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി പടരാൻ സാധ്യതയുള്ള രീതിയിൽ മാലിന്യം കൂട്ടിയിട്ടതിനും സുരക്ഷയില്ലാതെ നായ്ക്കളെ വളർത്തി ജനജീവിതത്തിന് ഭീഷണിപ്പെടുത്തിയതിനുമാണ് നടപടി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വീടിനുള്ളിലെ രൂക്ഷഗന്ധം മൂലം ഛർദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് മാസ്ക് ധരിച്ചാണ് റെയ്ഡ് തുടർന്നത്.
വീടിനുള്ളിലെ ഓരോ മുറിയിലും തെരുവുനായ്ക്കളെ പാർപ്പിച്ചിരിക്കുകയായിരുന്നു. പട്ടിപിടിത്തക്കാരുടെ സഹായത്തോടെ ഇവയെ മാറ്റിയ ശേഷമാണ് പരിശോധന പൂർത്തിയാക്കിയത്. വിവാഹ വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷ്യമാലിന്യവും പ്ലാസ്റ്റിക്കും ഹോംസ്റ്റേയ്ക്കുള്ളിലിട്ട് കത്തിക്കുന്നതും അഴുകിയ അവശിഷ്ടങ്ങൾ ഈച്ചയാർക്കുന്നതും പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്. രാത്രികാലങ്ങളിൽ പൊതുവഴിയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിലൂടെ ഇവ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായും പരാതിയുണ്ട്. ക്രിമിനലുകളുടെയും ലഹരിസംഘങ്ങളുടെയും താവളമായി ഇവിടം മാറുന്നത് തടയാൻ രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് നോർത്ത് സിഐ എം ജെ അരുൺ പറഞ്ഞു. സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.














































































