നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്. ഇത് ജനത്തിന്റെ വിജയമായി കാണുന്നുവെന്നും ഏതെങ്കിലും പാർട്ടിയുടെ വിജയമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ അവരുടെ ഊഴം വരുമ്പോള്‍ കൃത്യമായി അത് വിനിയോഗിക്കും. ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചാല്‍ അധിക കാലം നില്‍ക്കില്ല എന്നതിന്റെ തെളിവാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
ജയിച്ചു വന്നത് യുഡിഎഫ് ആയതുകൊണ്ട് അവർക്ക് ക്രെഡിറ്റ് അവകാശപ്പെടാം. സഭയോ സംഘടനയയൊ സമുദായമോ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്‌പ്പുണ്ണ് എന്ന സ്ഥിതിയാണ് നിലവില്‍. ഈ ഭിന്നത അപകടകരമാണ്. വി ഡി സതീശൻ പറഞ്ഞത് നടപ്പാക്കിയയാളാണ്. ജനങ്ങളെ പരാജയപ്പെടുത്താതെ വിവേകപരമായ തീരുമാനം എടുക്കണം എന്നാണ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനുള്ളത്. മന്ത്രിസഭയില്‍ സഭാ അംഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടാവണമെന്ന് ആഗ്രഹിക്കാം. എന്നാല്‍ ഒരു സഭ മാത്രമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാരില്‍ ചില മികച്ച മന്ത്രിമാർ ഉണ്ടായിരുന്നു. കോവിഡ് പോലുള്ള കാര്യങ്ങള്‍ സർക്കാരിന്റെ തുടർഭരണത്തിന് സഹായമായി. എന്നാല്‍ രണ്ടാം പിണറായി സർക്കാരില്‍ എല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കാൻ സർക്കാർ വ്യഗ്രത കാട്ടി. എന്നാല്‍ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കുന്നതില്‍ ഉദാസീനത കാട്ടി. ഏത് സർക്കാർ ഭരിച്ചാലും സഭയ്ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കണമെന്നും ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 5 വർഷം ഏറെ വേദനാജനകമായ കാര്യങ്ങള്‍ ഉണ്ടായി. ആറന്മുളയില്‍ ജനങ്ങള്‍ വിവേകത്തോടെ വോട്ട് ചെയ്തു. എംപിമാർ മുഖ്യമന്ത്രിയാകുന്നതില്‍ നിയമ തടസ്സമില്ല. എന്നാല്‍ എംപിമാർ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസമാണ്. ബിജെപി ഒന്നുമില്ലാത്തിടത്ത് 3 സീറ്റുകള്‍ നേടിയത് സന്തോഷകരമാണ്. എന്നാല്‍ മത ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാതിരുന്നെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമായിരുന്നു എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാബു എം ജേക്കബ് കാതോലിക്കാ ബാവയെ കണ്ടു എന്നതല്ലാതെ അദ്ദേഹം പറഞ്ഞതുപോലുള്ള ഒരു ചർച്ചയും സഭയുമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.











































































