ശനിയാഴ്ച കൂടി അവധിയാക്കി രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ആക്കുന്നത് സംബന്ധിച്ച് ബാങ്ക് മാനേജ്മെന്റുകളുടെ ഏകോപന വേദിയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ധാരണയിലേക്ക്. ഇടപാടുകാര്‍ക്കുള്ള സേവന സമയവും ജോലി സമയവും കുറയാത്ത രീതിയില്‍ പരിഹാരം ഉണ്ടായാല്‍ രണ്ട് ശനിയാഴ്ചകള്‍കൂടി അവധി നല്കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം എന്നത് അനുകൂലമായി പരിഗണിക്കാമെന്ന് ഐ.ബി.എ വ്യക്തമാക്കി.
രാവിലെ അര മണിക്കൂര്‍ നേരത്തെ പ്രവൃത്തി തുടങ്ങാന്‍ സംഘടനകളുടെ പ്രതിനിധികള്‍ സമ്മതം അറിയിച്ചു. വിഷയം വീണ്ടും ചര്‍ച്ച ചെയ്യാനും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനക്ക് വിടാനുമാണ് ധാരണ. ഐ.ബി.എ പ്രതിനിധികളുമായി ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് എന്നിവയുടെ പ്രതിനിധികളാണ് ചര്‍ച്ച നടത്തിയത്.
നിലവില്‍ ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചയുമാണ് ബാങ്കുകള്‍ക്ക് അവധി. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഇപ്പോള്‍ പ്രവൃത്തി സമയം. ഇത് രാവിലെ 9.30 അല്ലെങ്കില്‍ 9.25 മുതല്‍ ആക്കാന്‍ തയാറാണ് എന്നാണ് അറിയിച്ചത്. ഇക്കാര്യത്തില്‍ ഐ.ബി.എയുമായി തത്വത്തില്‍ ധാരണയില്‍ എത്തിയതായി ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) ദേശീയ കണ്‍വീനര്‍ എസ്.കെ. ബന്ദ്ലിഷ് വ്യക്തമാക്കുകയും ചെയ്തു.