ജെല്ലിക്കെട്ടിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.പാലമേട് സ്വദേശി അരവിന്ദ് രാജ് (24), പുതുക്കോട്ട സ്വദേശി അരവിന്ദ് (25) എന്നിവരാണ് ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചത്.അപകടത്തിൽ മരണപ്പെട്ടവർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും, മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയുമായിരുന്നു. മധുരയിലെ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിനിടെ കാളകളെ മെരുക്കുന്നവരും, ഉടമകളും ഉൾപ്പെടെ 75 പേർക്ക് പരിക്കേൽക്കുകയും, പാലമേട്ടിൽ നടന്ന പരിപാടിയിൽ 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
