രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.
രാവിലെ 10 മണിക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയ ബോർഡ് പ്രസിഡൻ്റിനെയും അംഗത്തെയും ജീവനക്കാർ ഊഷ്മളമായി വരവേറ്റു. തുടർന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഇരുവരെയും ദേവസ്വം ബോർഡ് കോൺഫെറൻസ് ഹാളിലേക്ക് ആനയിച്ചു. ബോർഡ് കെട്ടിടത്തിനു മുന്നിലായി ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പനും ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി ,ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരും ചേർന്ന് പുതിയ പ്രസിഡൻ്റിനെയും അംഗത്തെയും സ്വീകരിച്ചു.10.15ന് കോൺഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് അഡ്വ.കെ.അനന്തഗോപൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് ബോർഡ് അംഗമായി അഡ്വ.മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി ആണ് ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തത്.