കണ്ണൂർ: മട്ടന്നൂരിൽ ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. കോളാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിലായിരുന്നു സംഭവം.
വീട്ടുവരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്. ഗ്രിൽസിന് മുകളിലേക്ക് പിടിച്ചു കയറുന്നതിനിടെ കുട്ടിക്ക് വയറിൽ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു. ഷോക്കേറ്റ് കുട്ടി താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.
കുട്ടിയെ ഉടനെ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തുമ്പോഴേക്കും മരിച്ചു.