സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം വിടാൻ മുതിർന്ന നേതാവ് ജി സുധാകരൻ ഒരുങ്ങി നില്‍ക്കെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. സ്ഥാനാർഥിനിർണയ ചർച്ചകള്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ടയെങ്കിലും ജി സുധാകരൻ ഉയർത്തുന്ന വിയോജിപ്പുകള്‍ സംസ്ഥാന സമിതിയില്‍ ചർച്ചയ്ക്ക് വന്നേക്കും. കണ്ണൂരും പാലക്കാടും ആലപ്പുഴയും ഉള്‍പ്പെടെ പല ജില്ലകളിലും ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശങ്ങളില്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തിരുത്തല്‍ വരുത്തിയിരുന്നു. പേരാവൂരില്‍ കെ കെ ശൈലജയുടെയും തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെയും ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്.












































































