കോഴിക്കോട്: വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ സർജറി ഉപകരണം വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന് ഐക്യദാർഢ്യവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിട്ട ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയിരുന്നു. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇത്തരം പിഴവുകൾ ആവർത്തിക്കില്ലായിരുന്നു എന്ന് ഹർഷിനയ്ക്കായി സമരം ചെയ്യുന്ന സമരസമിതി വ്യക്തമാക്കി.
സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിടേണ്ടി വന്ന ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരം ചെയ്യും. സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിലാണ് ഹർഷിന പങ്കെടുക്കുക. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലൂടെ കത്രിക പിന്നീട് പുറത്തെടുത്തെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ ഹർഷിനയെ വേട്ടയാടുന്നുണ്ട്. സർക്കാരിൽ നിന്നും നീതി ലഭിച്ചില്ലെന്ന് ഉന്നയിച്ച് ഹർഷിന പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. നേരത്തെ 104 ദിവസം തുടർച്ചയായി മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.














































































