പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്‌റ്റർ കണ്ടതിൽ വിവാദം. ഇന്നലെ ഡിസിസി പ്രസിഡന്റ്റ് നാട്ടകം സുരേഷ് ഈ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാ ണു വിവാദമായത്. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന പ്രവൃത്തി തള്ളിപ്പറയാൻ ജാഥാ ക്യാപ്റ്റൻ ജോസ് കെ.മാണിയും എൽഡിഎഫ് നേതൃത്വവും തയാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഒരു പങ്കുമില്ലെന്നു കേരള കോൺഗ്രസ് (എം) ജന. സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
സംഭവം വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് വർഗീസ് ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം നടന്ന സംഭവമാണെന്നും പ്രദേശത്തു ചുറ്റിത്തിരിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഇതിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.














































































