നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു മുന്നിൽ 110 സീറ്റ് ലക്ഷ്യം കുറിച്ചു സർക്കാർ. ഇനിയുള്ള മാസങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗരേഖ മന്ത്രിമാർക്കു മുന്നിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു.
'എല്ലാറ്റിനും മറുമരുന്ന് വികസനം' എന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വികസന സർക്കാരെന്ന മുദ്രാവാക്യം ഉയർത്തിയാകും എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക.
ശബരിമല സ്വർണക്കവർച്ച അടക്കമുള്ള വിഷയങ്ങളുന്നയിച്ച് യുഡിഎഫ് നടത്തുന്ന പ്രചാരണത്തെ ഇതിലൂടെ പ്രതിരോധിക്കാമെന്നാണു കണക്കുകൂട്ടൽ.
മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന അവതരണം 3 മണിക്കൂർ നീണ്ടു. പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ വകുപ്പുകൾ മുൻ കൈ എടുക്കണം. കാലതാമസമുണ്ടായ പദ്ധതികൾ ഈ മാസം പൂർത്തിയാക്കണം. ജനക്ഷേമ പദ്ധതികൾക്കു രൂപം നൽകണം. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇവ ഉയർത്തിക്കാട്ടും. ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തും.
യുഡിഎഫിന് നൂറിലധികം സീറ്റ് എന്ന ലക്ഷ്യം വയനാട്ടിലെ നേതൃക്യാംപിൽ കോൺഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എൽ ഡിഎഫും നൂറിനു മുകളിൽ ലക്ഷ്യം കുറിച്ചതെന്നതു ശ്രദ്ധേയം. സർക്കാരിൻ്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കാനാണു കോൺഗ്രസ് തയാറെടുക്കുന്നത്. അതിനിടെയാണ്, നൂറിലധികം സീറ്റിലേക്കുള്ള പ്രവർത്തനരേഖയുമായി മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയത്.















































































