ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസില്‍ അറസ്റ്റിലായ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത് ആർ. വാര്യർ ഇടപെട്ട ഫെമ കേസുകള്‍ വിജിലൻസ് വിശദമായി പരിശോധിക്കും.
ഇയാള്‍ ഇ.ഡി. ഓഫീസില്‍ സ്ഥിരം സന്ദർശകനായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തല്‍. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ പങ്കിനെപ്പറ്റി വിവരം ലഭിക്കുമെന്നാണ് വിജിലൻസ് പ്രതീക്ഷിക്കുന്നത്.
പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷമാണ് വിജിലൻസ് മൂന്നുപേരെ അറസ്റ്റ് gചെയ്തത്. അറസ്റ്റിലായ മൂന്നുപേരില്‍ രഞ്ജിത്തിന് ഇ.ഡി. ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്നായിരുന്നു വിജിലൻസ് കണ്ടെത്തല്‍.
വിഷയത്തില്‍ ഇ.ഡി. ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം. അറസ്റ്റിന് പിന്നാലെ നിരവധിപേർ പരാതിയുമായി രംഗത്തുവരുന്നുണ്ട്. ഇ.ഡിയ്ക്കെതിരായ പരാതിയുമായി വിജിലൻസ് ഓഫീസിനെ സമീപിക്കുന്നവരുടെ എണ്ണം അറസ്റ്റിന് പിന്നാലെ വർധിക്കുന്നുവെന്നാണ് വിവരം.