ആലപ്പുഴ മാരാരി ബീച്ചിൽ തിരയിൽ അകപ്പെട്ട യുവതിയുടെ ജീവൻ രക്ഷിച്ച് അർത്തുങ്കൽ കോസ്റ്റൽ പോലീസ് സേനാംഗങ്ങൾ.
പശ്ചിമബംഗാൾ സ്വദേശിനിയും ബെംഗളുരുവിൽ ഐ ടി പ്രൊഫഷണലുമായ ശിവാനി(25)യാണ് തിരയിൽപ്പെട്ടത്.
രാവിലെ 10.45 ഓടെയായിരുന്നു സംഭവം.
വിനോദസഞ്ചാരത്തിന് എത്തി കടൽതീരത്ത് കളിക്കുന്നതിനിടെ ശിവാനി തിരയിൽ പെടുകയായിരുന്നു.
ഈ സമയം അവിടെയുണ്ടായിരുന്ന കോസ്റ്റൽ വാർഡൻമാരായ സൈറസും ജെറോമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടലിൽ 20 മീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയ ശിവാനിയെ ഇരുവരും ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു.
ബോധരഹിതയായ ശിവാനിക്ക് അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ വിപിൻ വിജയ് സി പി ആർ നൽകി.
പിന്നീട് ആംബുലൻസിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
യുവതി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.