ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പോലീസിനെ അറിയിക്കാനും കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25 കോടിയിലധികം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘനകൾ പറയുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിലാളികളുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.