പി എം ശ്രീ (പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കേരളത്തില്‍ രാഷ്ട്രീയ കോലാഹലത്തിനാണ് വഴിയൊരുക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പദ്ധതിക്കെതിരെ ഇടതുമുന്നണിയില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വിഷയം ഇടതുമുന്നണിയിലോ, മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ സിപിഐ രംഗത്തെത്തിയത് ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ള ശക്തമായ ഭിന്നതയ്ക്ക് കാരണമായി. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മന്ത്രിസഭയില്‍ പ്രതിഷേധം അറിയിക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം.
എന്നാല്‍ സാങ്കേതികത്വം പറഞ്ഞ് കേന്ദ്ര ഫണ്ട് പാഴാക്കുന്നത് ശരിയല്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നിലപാട്. സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് അടക്കം കേന്ദ്രഫണ്ട് വാങ്ങുന്നതും മന്ത്രി ചൂണ്ടിക്കാട്ടുന്നു. വിഷയം പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം ഇനിയും തുടരും. കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമായിരിക്കുന്ന പിഎം ശ്രീ പദ്ധതി എന്താണെന്ന് വിശദമായി നോക്കാം.
പിഎം ശ്രീ പദ്ധതി
രാജ്യത്തെ 14,500-ല്‍ അധികം സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക വിദ്യാലയങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022 സെപ്തംബര്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. 2022-23 മുതല്‍ 2026-27 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കും. പദ്ധതി അനുസരിച്ച് എന്‍ഇപി 2020 പൂര്‍ണമായി നടപ്പാക്കുന്ന കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റും. വിദ്യാര്‍ത്ഥികളിലെ വൈജ്ഞാനിക വികസനം മെച്ചപ്പെടുത്തുക, സ്‌കില്‍ ഡെവലപ്‌മെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മികച്ചതാക്കുക, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ആധുനിക സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുക, ഹരിത വിദ്യാലയ പദ്ധതി പ്രോത്സാഹിപ്പിക്കുക, നൂതന പഠനരീതി ഉറപ്പാക്കുക, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
ഒപ്പം സ്‌കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറി, മികച്ച ലാബുകള്‍, ആര്‍ട്ട് റൂമുകള്‍ തുടങ്ങിയവയും ഒരുക്കും. ജലസംരക്ഷണം, മാലിന്യ പുനരുപയോഗം ജൈവ ജീവിതശൈലിയുടെ സംയോജനം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കുകയും ചെയ്യും.
കേന്ദ്രസഹായം ലഭിക്കുമെന്നതിനാല്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനാകുമെന്നതാണ് പദ്ധതിയുടെ ഗുണം. നൂതന പഠനരീതി ഉറപ്പാക്കുന്നതിലൂടെ കുട്ടികളില്‍ നൈപുണ്യ വികസനമടക്കം ഉറപ്പാക്കാനാകും. ഇതുവഴി ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കാനാകും.
ചില ലക്ഷ്യങ്ങള്‍
വിദ്യാര്‍ത്ഥികളെ തൊഴില്‍ ചെയ്യാന്‍ പ്രാപ്തരാക്കുക
പ്രാദേശിക ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുക
അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കുക
കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുക
മികച്ച കളിസ്ഥലങ്ങള്‍ ഒരുക്കുക
27,360 കോടി രൂപ ചെലവ്
തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 27,360 കോടി രൂപയാണ് പിഎം ശ്രീ പദ്ധതിയുടെ ചെലവ്. ഇതില്‍ 18,000 കോടിയോളം കേന്ദ്രവും, ഒമ്പതിനായിരം കോടിയോളം സംസ്ഥാന സര്‍ക്കാരും വഹിക്കും. ഒരു ബിആര്‍സിയില്‍ പരമാവധി രണ്ട് സ്‌കൂളുകള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാനാകും. അതായത്, കേരളത്തിലെ 168 ബിആര്‍സികളിലായി 336 സ്‌കൂളുകള്‍ക്ക് പദ്ധതിയില്‍ ഇടം നേടാം. പ്രതിവര്‍ഷം 85 ലക്ഷം-ഒരു കോടി രൂപ വരെ ലഭിക്കും. അറുപത് ശതമാനം കേന്ദ്രവിഹിതമാണ്. സംസ്ഥാനം 40 ശതമാനം വഹിക്കണം.
എതിര്‍പ്പിന് പിന്നില്‍
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെ പദ്ധതിയോട് മുഖം തിരിച്ചത്. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന ആശങ്കയാണ് ഈ സംസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. വിദ്യാഭ്യാസത്തെ കേന്ദ്രീകൃതമാക്കാനുള്ള ശ്രമമായി പദ്ധതിയെ പ്രതിപക്ഷം വ്യാഖാനിക്കുന്നു.
ചെലവിന്റെ 40 ശതമാനം വഹിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതാണ് മറ്റൊരു വിമര്‍ശനം. കേന്ദ്രത്തിന്റെ 'ബ്രാന്‍ഡിങി'നെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നു. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളുകളില്‍ 'പിഎം ശ്രീ' എന്ന പേര് ചേര്‍ക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ ബ്രാന്‍ഡിങിന് കീഴിലാക്കുമെന്ന ആശങ്കയാണ് ഇതിലൂടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ മുന്നോട്ടുവച്ചത്.
മനംമാറ്റത്തിന് കാരണം
പദ്ധതിയുടെ ഭാഗമാകാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് ലഭിക്കില്ലെന്ന ആശങ്കയാണ് കേരളത്തിന്റെ മനംമാറ്റത്തിന് പിന്നില്‍. കേന്ദ്രത്തില്‍ നിന്ന് ആയിരത്തിലേറെ കോടി രൂപ ലഭിക്കാനുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. മുന്‍ വര്‍ഷങ്ങളിലെ കുടിശികയും പുതിയ വര്‍ഷത്തെ ആദ്യ ഗഡുവും കിട്ടാനുണ്ട്. ഇങ്ങനെ പോയാല്‍ വിദ്യാഭ്യാസ പദ്ധതികളുടെ അവസ്ഥ പരുങ്ങലിലാകുമെന്ന തിരിച്ചറിവിലാണ് കേരളം പദ്ധതിക്ക് കൈ കൊടുക്കാനൊരുങ്ങുന്നത്.
പദ്ധതിയുടെ ഭാഗമാകുന്നതിന് സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം. ഇതിന് ശേഷം മാനദണ്ഡം പാലിക്കുന്ന സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷിക്കാം. സംസ്ഥാനതലത്തിലുള്ള സമിതി സ്‌കൂളുകളെ തിരഞ്ഞെടുക്കും.