മാസപ്പടി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടന്നത് നാടകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയ കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴ്ൽനാടൻ്റെ നടപടി തിരക്കഥയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷോൺ ജോർജ് ആരോപിച്ചു.
ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലൻസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴൽനാടൻ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങൾക്ക് ശേഷം. ഇത് സംശയത്തിന് ഇട നൽകുന്നതാണ്.
രണ്ട് സ്വകാര്യ കമ്പനികൾ നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് നൽകിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിർദ്ദേശം പരിഗണിച്ചും കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നേരിട്ടാണ് SFIO അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്എഫ്ഐഒയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ മകൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലൻസ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയിൽ കോൺഗ്രസ് നേതാവ് കാട്ടിയതെന്ന് മനസ്സിലാകുന്നില്ല. രണ്ട് കമ്പനികൾ തമ്മിൽ നടക്കുന്ന പണമിടപാട് മുഖ്യമന്ത്രിയിലേക്ക് എത്തുന്നതാണ് SFIO റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ ഈ റിപ്പോർട്ട് പ്രകാരം മൂന്നാം പ്രതിയാണ്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ മുഖ്യമന്ത്രിയെ വെള്ളപൂശാൻ വേണ്ടിയുള്ള ശ്രമമായി മാത്രമേ കോൺഗ്രസ് നേതാവിന്റെ സുപ്രീംകോടതിയിലെ ഹർജിയെ കാണാൻ കഴിയു. ഇത് മുൻധാരണ പ്രകാരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ CMRL കൊടുത്ത ഹർജിയിൽ സ്റ്റേ നിലനിൽക്കുന്നതിനാലാണ് പ്രോസിക്യൂഷൻ നടപടി വൈകുന്നത്. ഈ കേസിൽ ED, CBI അന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മാസപ്പടി വിഷയത്തിൽ കുറ്റക്കാരായ മുഖ്യമന്ത്രിയെയും മകളെയും ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരുമെന്നും അഡ്വക്കേറ്റ് ഷോൺ ജോർജ് പ്രസ്താവിച്ചു.