അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച (മേയ് 31) മുതൽ ജൂൺ മൂന്നുവരെ കോട്ടയം ജില്ലയിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.
മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.