ജപ്പാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനം തുടർന്നു കൊണ്ടിരിക്കുന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയോടൊപ്പം മോദി ബുള്ളറ്റ് ട്രെയിനിൽ മിയാഗി പ്രിഫെക്ചറിലെ സെൻഡായിയിലേക്ക് യാത്ര ചെയ്തു. അവിടെ അദ്ദേഹം സെമികണ്ടക്ടർ പ്ലാന്റ് സന്ദർശിക്കുകയും, ജപ്പാനിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ട്രെയിൻ ഡ്രൈവർമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ടോക്യോയിൽ 16 പ്രവിശ്യകളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയ മോദി, ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ പ്രധാന തൂണുകളിൽ ഒന്നാണ് സംസ്ഥാനങ്ങളുടെയും പ്രവിശ്യകളുടെയും സഹകരണമെന്നു വ്യക്തമാക്കി. വ്യാപാരം, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങൾക്കും വലിയ സാധ്യതകൾ തുറന്നുകിടക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര ജയ്‌സ്വാള്‍ വിശേഷിപ്പിച്ചത്.