എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര(34) അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ ആയ ശങ്കർ മിശ്രയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബംഗളൂരുവിലാണ്. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസിന് ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന സൂചന ലഭിച്ചിരുന്നു. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കർ മിശ്ര യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പോലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു.
