ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍നിന്ന് പണക്കൂമ്പാരം കണ്ടെത്തിയതിലെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചു. വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോര്‍ട്ടെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ ചൂണ്ടിക്കാട്ടുന്നത്. തന്നെ പാര്‍ലമെന്റില്‍ വിചാരണ ചെയ്യാനുള്ള ശുപാര്‍ശയും ജഡ്ജി ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഭരണഘടനയും നടപടിക്രമങ്ങളും മറികടന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെയും ചീഫ് ജസ്റ്റിസിന്റെയും നടപടിയെന്നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വാദം. 'നിയമപരമായ അനുമതിയില്ലാതെയായിരുന്നു സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം. ഇത് നടപടിക്രമങ്ങളുടെയും ഭരണനിര്‍വ്വഹണ സ്വഭാവത്തിന്റെയും ലംഘനമാണ്. ആഭ്യന്തര അന്വേഷണത്തിന് നിയമപരമായോ ഭരണഘടനാപരമായോ പിന്തുണയില്ല. ഭരണഘടനാ പദവിയില്‍ നിന്ന് നീക്കാന്‍ രാഷ്ട്രപതിയോട് ചീഫ് ജസ്റ്റിസിന് ശുപാര്‍ശ ചെയ്യാനാവില്ല' എന്നുമാണ് യശ്വന്ത് വർമ്മ ചൂണ്ടിക്കാണിക്കുന്നത്.
സുപ്രീം കോടതിയുടെ പ്രസ് റിലീസ് വഴി തനിക്കെതിരായ ആക്ഷേപങ്ങള്‍ പരസ്യപ്പെടുത്തിയെന്നും നടപടിക്രമങ്ങള്‍ മറികടന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ ശുപാര്‍ശയെന്നും യശ്വന്ത് വര്‍മ്മ പറഞ്ഞു. ആരാണ് പണം വെച്ചതെന്നും ആരോപണം ശരിയാണോ എന്നും എങ്ങനെയാണ് തീപിടിച്ചതെന്നും ആഭ്യന്തര അന്വേഷണ സമിതി പരിശോധിച്ചില്ല. തെളിവുകള്‍ പരിശോധിക്കാനും മറുപടി നല്‍കാനും ആഭ്യന്തര അന്വേഷണ സമിതി അവസരം നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'രേഖാമൂലമുള്ള പരാതിയില്ലാതെയും തെളിവുകളില്ലാതെയും മുന്‍വിധിയോടെയും സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കി. മുന്‍കാലങ്ങളില്‍ ആരോപണ വിധേയരായ ജഡ്ജിമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കി. എന്നാല്‍ തനിക്ക് അവസരം ചീഫ് ജസ്റ്റിസ് നല്‍കിയില്ല. രഹസ്യ സ്വഭാവമുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതുവഴി അപരിഹാര്യമായ നഷ്ടമുണ്ടായി', ഹര്‍ജിയില്‍ പറയുന്നു. യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.
കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റി ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും സര്‍ക്കാര്‍ സുപ്രീം കോടതിയെയും അറിയിച്ചിരുന്നു.