കൊച്ചി: പേർകാട് എംഎസ്‌സി എൽപി സ്കൂളിൽ വിദ്യാർത്ഥിക്കെതിരെ പ്രധാനാധ്യാപിക ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഉറച്ച് അമ്മ. സ്കൂളിൽ പോകാൻ പേടിയാണെന്നാണ് മകൻ വന്ന് തന്നോട് പറഞ്ഞതെന്ന് അവർ പറഞ്ഞു. പുലയൻ എന്നുവെച്ചാൽ എന്താണെന്ന് മകൻ വന്ന് തന്നോട് ചോദിച്ചു. അയ്യങ്കാളി അപ്പൂപ്പനെപ്പോലെ വലിയ ആളാണെന്നാണ് പറഞ്ഞുകൊടുത്തത്. കരിവേടനെന്ന് പറഞ്ഞാലെന്താണെന്ന് ചോദിച്ചു. പാട്ടുകാരൻ വേടനെയാണ് പറയുന്നതെന്ന് പറഞ്ഞുകൊടുത്തു. ഈ കുഞ്ഞുങ്ങളോടൊക്കെ ഇങ്ങനെ പറഞ്ഞാൽ അത് അവരുടെ മനസിൽ നിന്ന് പോകുമോയെന്നും ഇങ്ങനെയാണോ ഒരു എച്ച്എം സംസാരിക്കേണ്ടതെന്നും അമ്മ ചോദിച്ചു. ആദ്യം പൊലീസ് എച്ച്എമ്മിന് അനുകൂലമായാണ് നിന്നതെന്നും കേസ് പിൻവലിക്കാനാണ് ആവശ്യപ്പെട്ടതെന്നും അമ്മ ആരോപിക്കുന്നു.
ആകെ ആ ക്ലാസിൽ രണ്ടുപേരെയുള്ളു. രണ്ടുപേരെയും ടീച്ചർ പിച്ചിയെന്നാണ് പറഞ്ഞത്. എയ്ഡഡ് സ്കൂളാണ്. ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിൽ ആകെ ഒമ്പതു കുട്ടികളേ ഉള്ളൂ. പാട് കണ്ട് ഞാൻ സ്കൂളിൽ പോയി ചോദിച്ചു. അപ്പോ എന്നോടവർ പറഞ്ഞത്, നിങ്ങൾ പുലയരല്ലേ എന്നാണ്. ഇനിയും ഇതുപോലൊക്കെ ചെയ്യുമെന്നും പറഞ്ഞു. കറുത്തവരല്ലേ, കറുത്തവരെ ഇഷ്ടമല്ല, കരിവേടൻമാര് എന്നൊക്കെ പറഞ്ഞു. മറ്റ് അധ്യാപകരൊക്കെ നന്നായി സഹായിക്കുന്നവരാണ്.
ജൂലൈ 17-ന് ഞങ്ങൾ പോയി പൊലീസിൽ പരാതികൊടുത്തു. കുറേതവണ സ്റ്റേഷനിൽ കയറിയിറങ്ങി. സിഐയും എസ്ഐയും അവർക്കനുകൂലമായാണ് നിന്നത്. കേസ് പിൻവലിക്കാനാണ് ഞങ്ങളോട് പറഞ്ഞത്. നാളെ വാ എന്നാണ് പലതവണ പറഞ്ഞത്. ഇരുപതോളം തവണ സ്റ്റേഷനിൽ കയറിയിറങ്ങി. എച്ച്എം ആത്മഹത്യയ്ക്ക് ശ്രമിച്ച് സീരിയസായി കിടക്കുകയാണെന്നൊക്കെ അവർ പറഞ്ഞിരുന്നു.
നാലാം ക്ലാസ് വിദ്യാർത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും നൽകിയ പരാതിയിൽ രക്ഷിതാവ് വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ രണ്ടു മക്കൾ എംഎസ്‌സി എൽപി സ്കൂളിലാണ് പഠിക്കുന്നത്. ഇവിടത്തെ പ്രധാനാധ്യാപികയായ ഗ്രേസിക്കുട്ടിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഒരു ദിവസം മുഴുവൻ മകനെ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപികയ്ക്കെതിരെ ഉയർന്നിരിക്കുന്നത്.