കോട്ടയം: സർക്കാർ തിരിച്ചറിയണം നിയമസഭാ തെരഞ്ഞെടുപ്പിലും വന്യമൃഗങ്ങളെക്കൊണ്ട് ജീവിതം വഴിമുട്ടിയ പ്രദേശങ്ങളിലെ വോട്ടർമാർ തിരിച്ചടിക്കുമെന്ന്.
ജില്ലയിൽ വന്യമൃഗഭീഷണി രൂക്ഷമായ പഞ്ചായത്തുകളിലും വാർഡുകളിലും എലൽ ഡി എഫിന് തിരിച്ചടിയുണ്ടായി. വേനൽ കടുക്കുന്നതോടെ വരുംമാസങ്ങളിൽ വന്യമൃഗങ്ങളുടെ നാടിറക്കം രൂക്ഷമാകും.
ശബരിമല സീസൺ അവസാനിക്കുന്നതോടെ കാനനപാതകളിലും മറ്റും അവശേഷിക്കുന്ന മാലിന്യം ഭക്ഷിക്കാൻ മൃഗങ്ങൾ കൂട്ടമായി ഇറങ്ങും. വനത്തിൽ തീറ്റയും വെള്ളവും കുറയുമ്പോൾ മണിമല, പമ്പ, അഴുത, മീനച്ചിൽ നദികളിലേക്ക് ആന ഉൾപ്പെടെ മൃഗങ്ങൾ വരിക പതിവാണ്. ഈ വരവിലാണ് സമീപത്തെ തോട്ടങ്ങളിൽ പരക്കെ കൃഷിനാശമുണ്ടാക്കുന്നത്.
മേയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനയോര മണ്ഡലങ്ങളിൽ ജനവികാരം സർക്കാരിനെതിരേ തിരിയുമെന്നതാണ് സാഹചര്യം. സംസ്ഥാനത്തെ വടക്കൻ ജില്ലകളിലും ഇതേ വികാരം തദ്ദേശത്തിൽ പ്രകടമായിരുന്നു. വയനാട്, കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വന്യമൃഗഭീഷണി അതിരൂക്ഷമായ പ്രദേശത്തെ ത്രിതല പഞ്ചായത്തുകളിലെല്ലാം ജനവിധി യുഡിഎഫിനൊപ്പമായിരുന്നു. കാട്ടുമൃഗങ്ങൾ മൂലം നാട്ടിൽ ജീവനും കൃഷിയും ആശങ്കയിലായവർ കിടപ്പാടം ഉപേക്ഷിച്ചുപോയതും വനംവകുപ്പിന് സ്ഥലം കൈമാറിയതും ഈ പ്രദേശങ്ങളിലാണ്.
ജില്ലയിൽ മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി, മണിമല, മേലുകാവ് പഞ്ചായത്തുകളിൽ എൽ ഡി എഫിന് ഭരണം പോയതിൽ വന്യമൃഗശല്യം പ്രധാന കാരണമായി. എൽ ഡി എഫ് ഭരണം പിടിച്ച ഇടങ്ങളിലും വനാതിർത്തിയിലെ വാർഡുകളിൽ നേട്ടമുണ്ടാക്കാനായില്ല. കാട്ടുപന്നിയെയും കാട്ടാനയെയും കുരങ്ങനെയും കൊണ്ടു പൊറുതിമുട്ടി കൃഷി ഉപേക്ഷിച്ചവരും സ്ഥലം തരിശിടുന്നവരും വനാതിർത്തിയാൽ ഏറെയാണ്. കുറുക്കൻ ഉൾപ്പെടെയുള്ളവയുടെ ആക്രമണം ഭയന്ന് കോഴി, ആട് എന്നിവയെ വളർത്താൻ പറ്റാത്ത സാഹചര്യമാണ്. വനമില്ലാത്ത പ്രദേശങ്ങളില്പോലും കാട്ടുപന്നിയും കുറുക്കനും കാട്ടുകോഴിയും സ്വൈരം കൊടുക്കുന്നില്ല.
സമീപ ജില്ലകളിൽ വനാതിർത്തിയിലെ പെരുവന്താനം, കൊക്കയാറ്, അഴുത, വെച്ചൂച്ചിറ പഞ്ചായത്തുകളിലും നേട്ടം യുഡിഎഫിനൊപ്പമായിരുന്നു. വനംവകുപ്പിന്റെ സഹകരണത്തോടെ വനാതിർത്തിയിൽ സോളാർ വേലിയും കിടങ്ങും നിർമ്മിക്കുന്ന പദ്ധതി വിജയം കണ്ടില്ല. പലയിടങ്ങളിലും പൂർത്തിയായതുമില്ല.
മലയോരമേഖലയിൽ മൂന്നു വർഷത്തിനുള്ളിൽ അഞ്ചു പേരാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ പാക്കാനത്ത് കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന നൂറ്റിയെട്ടുകാരിയും മകളും കാട്ടുകുളവിയുടെ ആക്രമണത്തിൽ മരിച്ചു.














































































