ന്യൂഡല്‍ഹി: പാകിസ്താന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് പിടിയിലായത്. ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളാണ് മഹേന്ദ്ര ചോര്‍ത്തി നല്‍കിയത്.
ജയ്‌സല്‍മീരിലെ ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ആണ് മഹേന്ദ്ര പ്രസാദ്. രാജസ്ഥാന്‍ സിഐഡി ഇന്റലിജന്‍സ് ആണ് തെളിവുകളോടെ ചാരവൃത്തി കണ്ടെത്തിയത്. മഹേന്ദ്ര പ്രസാദിന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി പരിചയപ്പെട്ടത്.
പാകിസ്താനിലെ രഹസ്യാന്വേഷണ ഓഫീസറുമായി ഇയാള്‍ക്ക് നിരന്തരം ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജസ്ഥാന്‍ സിഐഡി ഇന്റലിജന്‍സ് രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം നടത്തുകയാണെന്ന് സിഐഡി ഐജി ഡോ. വിഷ്ണുകാന്ത് പറഞ്ഞു. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ് മഹേന്ദ്ര പ്രസാദ്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം സംയുക്ത സൈന്യം ചോദ്യം ചെയ്തു. കൂടുതല്‍ പരിശോധനയ്ക്കായി മഹേന്ദ്ര പ്രസാദിന്റെ മൊബൈല്‍ കണ്ടുകെട്ടിയിട്ടുണ്ട്.