പട്ന : ബിഹാറിൽ വീടിനുള്ളിൽ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അജ്‍ഞലി കുമാരി (15) അൻഷുൽ കുമാർ (10) എന്നിവരെയാണ് മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കിടക്ക പൂർണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മാതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടമാണെങ്കിൽ കുട്ടികൾ ജീവനുവേണ്ടി ഓടുമായിരുന്നുവെന്നും വാതിൽ തുറക്കാൻ പോലും ശ്രമം ഉണ്ടായില്ലയെന്നും മാതാവ് പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചതാണെന്ന് പിതാവ് ലല്ലൻ ഗുപ്ത ആരോപിച്ചു.