ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും താഴ്ന്ന മൂല്യത്തിൽ എത്തി പാകിസ്ഥാൻ കറൻസി. യുഎസ് ഡോളറിനെതിരെ 225 പാകിസ്ഥാൻ രൂപയെന്നതാണ് നിലവിലെ സ്ഥിതി. 7.6 ശതമാനം കൂടി ഇടിഞ്ഞതോടെയാണ് ഡോളറിനെതിരെ 255 രൂപ എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നത്.അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യം രാജ്യത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഐഎംഎഫിൻ്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ പാകിസ്ഥാൻ.

ഇതിനായി അമേരിക്കയുടെ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പദ് വ്യവസ്ഥ പഴയപടിയാക്കാൻ അടിയന്തിരമായി 110 കോടി ഡോളർ സഹായം വേണമെന്നാണ് പാകിസ്ഥാൻ്റെ ആവശ്യം. 1998 ന് ശേഷം പാകിസ്ഥാൻ രൂപ ഇത്രയും താഴ്ന്ന മൂല്യത്തിൽ എത്തുന്നത് ഇതാദ്യമായാണ്. നിലവിലെ അവസ്ഥയിൽ ചെലവുചുരുക്കാൻ എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക എന്നതടക്കമുള്ള തീരുമാനമാണ് പാക് ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്.