പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നടപടിയിൽ ഇരട്ടനീതി എന്ന് വിമർശനം ശക്തം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ ഇരട്ട നീതിയെന്നാണ് സേനയ്ക്കുള്ളിൽ വിമർശനം ശക്തമായിരിക്കുന്നത്. കേസ് എടുക്കാൻ വൈകി എന്ന കാരണത്തിൽ കോന്നി ഡി വൈ എസ് പി, സി ഐ എന്നിവരെ ഞൊടിയിടയിൽ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വീണ്ടും അന്വേഷണം മാത്രമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി. പൊലീസിനും സർക്കാരിനും നാണക്കേട് ഉണ്ടാക്കി എന്ന് ഡി ഐ ജി റിപ്പോർട്ട് നൽകിയ തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള സി ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് ശുപാർശ വന്നെങ്കിലും വീണ്ടും ഒരു അന്വേഷണം നടത്താൻ ആണ് ആഭ്യന്തരവകുപ്പിന്‍റെ നീക്കമെന്നതും ഇരട്ട നിതീയായാണ് വിലയിരുത്തപ്പെടുന്നത്.
പോക്സോ കേസിലെ അട്ടിമറി കാലത്തെ പത്തനംതിട്ട എസ് പി ആയിരുന്ന വി ജി വിനോദ് കുമാറിനെതിരെ അന്വേഷണം പോലുമില്ലെന്നതും വിമർശനം ശക്തമാകാൻ കാരണമാണ്. 16 കാരി അതിക്രൂര പീഡനത്തിനിരയായ കേസിലായിരുന്നു മുഖ്യപ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിന് അനുകൂലമായി ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചത്.