തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എംഎസ്എഫുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കെഎസ്‌യുവിനോട് നിര്‍ദേശിച്ച് കോണ്‍ഗ്രസ്. യുഡിഎഫില്‍ വിള്ളല്‍ വീഴരുതെന്നാണ് കെഎസ്‌യുവിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നേതൃത്വം നടത്തിയ അനുനയനീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയിരുന്നു. കെഎസ്‌യു പ്രശ്‌നപരിഹാരത്തിനായി പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും സമീപിക്കുകയായിരുന്നു. പരാജയപ്പെട്ടതോടെയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് സണ്ണി ജോസഫ് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് നല്‍കിയത്. നാളെ കെഎസ്‌യു അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. അന്തിമ തീരുമാനം നാളെയുണ്ടാകും.
ചെയര്‍മാന്‍ സ്ഥാനം ഇത്തവണ എംഎസ്എഫിന് നല്‍കാമെന്ന മുന്‍ധാരണ കെഎസ്‌യു നേതൃത്വം ലംഘിച്ചെന്നാണ് എംഎസ്എഫ് ആരോപണം. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചെയര്‍മാന്‍ പദവി കെഎസ്‌യുവിനെന്ന സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്നാണ് കെഎസ്‌യു നേതാക്കളുടെ വാദം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യുഡിഎസ്എഫ് യൂണിയന്‍ തിരിച്ചുപിടിച്ചപ്പോള്‍ 262 യുയുസിമാരില്‍ 41 യുയുസിമാര്‍ മാത്രമാണ് കെഎസ്‌യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം എംഎസ്എഫിനാണ് ലഭിക്കേണ്ടതെന്നുമാണ് എംഎസ്എഫ് നേതാക്കള്‍ പറയുന്നത്.