ഇന്ത്യന്‍ ടീമിലെ തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷഭ് പന്ത് സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും പന്ത് തന്റെ മികച്ച ഫോം തുടരുമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ വിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ തന്റെ ഇപ്പോഴുള്ള മികച്ച ഫോം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക സെഞ്ച്വറി നേടിയിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ 'ഗെയിം പ്ലാന്‍' ഷോയ്ക്കിടെയാണ് മഞ്ജരേക്കര്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
'ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റിലും റിഷഭ് പന്ത് തന്റെ ഫോം നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. കാരണം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ ആസ്വദിച്ച് ബാറ്റ് ചെയ്യുന്നയാളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയതിന് 48 മണിക്കൂറിനുശേഷം മറ്റൊരു സെഞ്ച്വറി നേടാനുള്ള കഴിവ് പന്തിനുണ്ട്. അത് ഒരു അസാധാരണ കളിക്കാരന്റെ മുഖമുദ്രയാണ്', മഞ്ജരേക്കര്‍ പറഞ്ഞു.