മുംബൈ: നാഷണൽ പേയ്മെന്റ് കോർപ്പറേഷന്റെ സ്വന്തം യുപിഐ ആപ്പായ 'ഭീമി'ന് (ഭാരത് ഇന്റർഫേസ് ഫോർ മണി) പ്രചാരം കൂട്ടാൻ പദ്ധതിയൊരുക്കുന്നു. നിലവിൽ ഇടപാടുകൾക്ക് ആനുകൂല്യമെന്ന നിലയിൽ ചെറിയ തുക ക്യാഷ് ബാക്ക് നൽകി വരുന്നുണ്ട്. ഇതു വിപുലമാക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഭീം ആപ്പിന്റെ യൂസർ ഇന്റർഫേസ് പരിഷ്കരിക്കുകയും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാക്കുകയും ചെയ്തതോടെ ഉപഭോക്താക്കൾക്ക് പ്രിയമേറി വരികയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇടപാടുകളുടെ എണ്ണം ഇരട്ടിയായതായാണ് കണക്ക്. രണ്ട് വർഷത്തോളം അധികം ആരും തിരിഞ്ഞുനോക്കാതെ കിടന്ന ആപ്പാണിത്. 2022 ജനുവരിക്കും 2024 ജൂണിനും ഇടയിൽ മാസം ശരാശരി 2.5 കോടി ഇടപാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ 2025 ജനുവരിയിൽ 3.38 കോടി ഇടപാടുകൾ നടന്നു. അതിനുശേഷം ഇടപാടുകളിൽ വലിയ കുതിപ്പുണ്ടായി. മേയിലിത് 6.46 കോടിയായി. ജൂണിൽ ഏഴു കോടി കടന്നു. ജനുവരിയെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിത്. ഈ സാമ്പത്തികവർഷം ഭീം ആപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി 150 മുതൽ 200 കോടി രൂപവരെ ചെലവിടാനാണ് എൻസിപിഐ നീക്കിവെച്ചിട്ടുള്ളതെന്നാണ് സൂചനകൾ.