പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘമാണ് ദര്‍ശനം നടത്താതെ മടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നുമായിരുന്നു തീര്‍ത്ഥാടകര്‍ പറഞ്ഞു.
ആരും ദര്‍ശനം നടത്താതെ മടങ്ങരുതെന്നാണ് പൊലീസിന്‍റെ നിലപാടെന്നും ആവശ്യമായ സൗകര്യം ഉറപ്പാക്കുമെന്നും ഏതുസാഹചര്യത്തിലും പൊലീസിനെ ബന്ധപ്പെടാമെന്നും എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി. 17 അംഗ തീര്‍ത്ഥാടക സംഘത്തിൽ പ്രായമായ സ്ത്രീകളും കുട്ടിയുമടക്കമാണ് ഉണ്ടായിരുന്നത്. ആദ്യമായി മാലയിട്ട് മലകയറിയ സംഘത്തിലെ കുട്ടി അയ്യപ്പനായ നിരഞ്ജൻ അടക്കം ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിപോവേണ്ട സങ്കടത്തിലിരിക്കുമ്പോഴാണ് എഡിജിപി വിഷയത്തിൽ ഇടപെടുന്നത്.
ശബരിമലയിൽ ദര്‍ശനം ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തര്‍ ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേഖം നടത്തി മാലയൂരി മടങ്ങി. ഇന്നലത്തെ തിരക്കിൽപെട്ട് ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിയവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങിയത്. ഇന്നലെ വലിയരീതിയിലുള്ള തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ദര്‍ശന സമയവും നീട്ടിയിരുന്നു. ഇന്നലെ ആവശ്യത്തിന് സൗകര്യമില്ലാതെ തീര്‍ത്ഥാടകര്‍ വലഞ്ഞിരുന്നു. ഇന്നലെയും നിരവധി പേര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ സംഭവമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിരക്ക് കുറഞ്ഞിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായത്. ഇന്ന് രാവിലെ മുതൽ തിരക്കുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ഭക്തര്‍ സുഗമമായിട്ടാണ് ദര്‍ശനം നടത്തുന്നത്.












































































