ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻതക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
അമേരിക്കയുടെ ആക്രമണം മുന്നിൽകണ്ട ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് സൂചന. ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ടുപോയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി. 'ഞങ്ങൾ ഇറാനുമായിട്ടല്ല യുദ്ധം ചെയ്യുന്നത് ഇറാന്‍റെ ആണവായുധനിർമാണ പദ്ധതിക്ക് എതിരായാണ് ഞങ്ങളുടെ യുദ്ധം, ജെഡി വാൻ പറഞ്ഞു. ഇറാൻ ഭാവിയിൽ ആണവായുധ നിർമ്മാണം നടത്തുകയാണെങ്കിൽ അമേരിക്കൻ സൈന്യത്തിന്റെ ശക്തിയെന്താണെന്ന് ഇനിയും അറിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാറ്റലൈറ്റ് ചിത്രങ്ങളിൽ ഫൊർദൊ ആണവായുധ കേന്ദ്രങ്ങളുടെ അടുത്ത് 16 ഓളം ട്രക്കുകളുടെ നിര വ്യക്തമായി കാണുന്നുണ്ട്. എന്നാൽ, യുറേനിയം എവിടേക്ക് മാറ്റി എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മറ്റൊരു ഭൂഗർഭ കേന്ദ്രത്തിലേക്ക് ഇവ മാറ്റിയിരിക്കാമെന്നാണ് അമേരിക്കയും ഇസ്രയേലും കരുതുന്നത്.