ന്യൂ ഡൽഹി: പാകിസ്താൻ ചാരസംഘടനായ ഐഎസ്‌ഐക്ക് നിർണായക വിവരങ്ങൾ
കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ക്ലാർക്ക് ആയ വിശാൽ യാദവ് ആണ്
അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ്
അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ നിന്ന് ചാരവൃത്തിയുടെ
തെളിവുകൾ കണ്ടെത്തി. പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റായ യുവതിക്ക് ഇയാൾ നാവികസേനയുമായും, മറ്റ് പ്രതിരോധ സേനകളുമായും
ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറിയിരുന്നു. പകരം പണം കൈപ്പറ്റുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ വിവരങ്ങൾ കൈമാറിയതെന്നാണ് കണ്ടെത്തൽ.
പ്രിയ ശർമ്മ എന്നാണ് യുവതിയെ വിശാൽ അഭിസംബോധന ചെയ്തിരുന്നത്. ഓൺലൈൻ
ഗെയിമിങ്ങിനും മറ്റും അടിമയായ വിശാലിന്, അത് മൂലമുണ്ടായ നഷ്ടം നികത്താൻ പണം വേണമായിരുന്നു. ഇതോടെയാണ് നിർണായകമായ പല
സൈനിക വിവരങ്ങൾ ഇയാൾ പാകിസ്താന് കൈമാറിത്തുടങ്ങിയത്. ക്രിപ്റ്റോകറൻസിയായി നേരിട്ട്
ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ലഭിച്ചിരുന്നത്. നിലവിൽ വിശാലിനെ വിവിധ ഇന്റലിജൻസ്
ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. മറ്റാരെങ്കിലും നിർണായക വിവരങ്ങൾ പാകിസ്താന്
കൈമാറിയിട്ടുണ്ടോ എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.















































































