കോട്ടയത്തെ മുട്ടമ്പലം റയിൽവേ ക്രോസിങ്ങിൽ പുതിയ അടിപ്പാത നിർമ്മിച്ചതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവൃത്തനങ്ങൾ ആരംഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
അടിപ്പാത നിർമ്മാണ സമയത്ത് നിലവിൽ വെള്ളം ഒഴുകുന്നതിനായി ഉണ്ടായിരുന്ന പൈപ്പുകൾ മണ്ണും ചെളിയും മാലിന്യങ്ങളും മൂലം അടയുകയും വെള്ളത്തിൻ്റെ ഒഴുക്കിനെ തടസ്സ പ്പെടുത്തുകയും ചെയ്തു. ഇത് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മെഷീനറികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സമുള്ളതിനാൽ മനുഷ്യസഹായത്താൽ ആണ് മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. റയിൽവേ അധികാരികളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രത്യേക ഏജൻസി ആണ് ഈ പ്രവൃത്തികൾ നടത്തുന്നത്. ഈ പ്രവൃത്തികൾ നവംബർ 30 ന് അകം പൂർത്തിയാക്കുമെന്ന് എം.പി. അറിയിച്ചു.
അടിപ്പാതയോട് ചേർന്ന് ഉണ്ടായിരുന്ന മലങ്കര ക്വാർട്ടേഴ്സിലേക്കുള്ള റോഡ് അടിപ്പാത നിർമ്മാണ സമയത്ത് തകർന്നതാണ്. ഇത് നന്നാക്കുന്ന പ്രവൃത്തികൾ ഉടൻ ആരംഭിച്ച് ജനുവരി 31നകം പൂർത്തിയാക്കുമെന്ന് റയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചതായും ഫ്രാൻസിസ് ജോർജ് കുട്ടിച്ചേർത്തു.
അടിപ്പാതയുടെ സമീപമുള്ള ഓടയുടെ മുകളിൽ അനാവശ്യമായി ഉയർത്തി നിർമ്മിച്ച സംരക്ഷണ ഭിത്തി ഗതാഗതത്തിന് തടസ്സമായി നിൽക്കുകയാണ്. ഇത് പൊളിച്ച് നീക്കി സ്ലാബ് ഇടുകയും റോഡ് ടാർ ചെയ്യുകയും ചെയ്താൽ ഗതാഗത തടസ്സം ഒഴിവാകും. ഇതിന് ആവശ്യമായ സ്വീകരിക്കുമെന്ന് റയിൽവേ അധികൃതർ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.














































































