ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് എരുമേലിയിൽ ഉണ്ടായ സംഘർഷത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 98 പേർക്കെതിരെ കേസ്. പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. പാമ്പാ ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ വകയായി ഉള്ള ബോർഡ് തകർത്തിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അന്യായമായ സംഘം ചേരൽ, കലാപം സൃഷ്ടിക്കാൻ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് 98 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എരുമേലിയിലെ എയ്ഞ്ചൽ വാലി വനം വകുപ്പ് ഓഫീസ് പടിക്കലാണ് നാട്ടുകാർ സംഘടിച്ചത്. ജനവാസ മേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം.
