തൃശ്ശൂർ: ഭക്തിഗാനങ്ങളുടെ മാധുര്യം മലയാളിക്കു പകർന്ന കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (87) അന്തരിച്ചു. ഇന്നലെ രാത്രി 11ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
തൃശിലേരി വാര്യത്തെ സരസ്വതിയാണു ഭാര്യ. മക്കൾ: ഉഷ (ലണ്ടൻ), ഉണ്ണിക്കൃഷ്ണൻ (ലണ്ടൻ), മരുമക്കൾ. ഗീത, പരേതനായ സുരേഷ് ചെറുശേരി.
കേരള കലാമണ്ഡലം വൈസ് ചെയർമാനായിരുന്നു. അദ്ദേഹമെഴുതിയ 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ' എന്ന ഭക്തിഗാനം പ്രസിദ്ധമാണ്. കവിതകൾക്കു പുറമെ ചെറുകഥകൾ, തിരക്കഥ, സംഭാഷണം, അഭിനയം, ഡോക്യുമെന്ററി രചന, സംവിധാനം തുടങ്ങിയ കലയുടെ സമസ്ത മേഖലകളിലും നിറസാന്നിധ്യമായിരുന്നു.