പരസ്യ പ്രചാരണത്തിന്റെ അവസാനദിനമായ ഇന്നും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാള്‍ വോട്ടെടുപ്പ്.
ദേശീയ നേതാക്കളുള്‍പ്പെടെ പ്രമുഖർ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്നലെ റാലികളും റോഡ്ഷോകളും പൊതുയോഗങ്ങളുമായി അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിനെ പരിഹസിച്ചു രംഗത്തുവന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും എൻഡിഎ സ്ഥാനാർഥികള്‍ക്കായി പ്രചാരണം നടത്തി. കോണ്ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്‍പ്പെടെയുള്ള താരനിര അണിനിരന്നു. ഇതിനിടെ, വികസനം മാത്രം ചർച്ച ചെയ്യുമെന്ന് ആവർത്തിച്ചു പറഞ്ഞു വന്ന ബിജെപിയുടെ നേതാക്കള്‍ വർഗീയ പരാമർശങ്ങളുമായി രംഗത്തു വന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി കാട്ടാക്കടയില്‍ ബിജെപി സ്ഥാനാർഥി കൂടിയായ പി.കെ. കൃഷ്ണദാസ് നടത്തിയ ലൗ ജിഹാദ് പരാമർശം വിവാദമായി. തെരഞ്ഞെടുപ്പു കമ്മീഷൻ വിഷയത്തില്‍ ഇടപെടുകയും ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടുകയും ചെയ്തു.













































































