തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അങ്കമാലിയില്‍നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്.
കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിർത്താൻ കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് പരാതി. ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായർ, പത്തനംതിട്ട സ്വദേശി ആല്‍ഫ പി.ജോർജ് എന്നിവർ പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുമ്പോഴാണ് ബസില്‍ കയറിയത്.
രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോള്‍ ഇവിടെ ഇറങ്ങണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഡ്രൈവറും കണ്ടക്ടറും അതിന് തയാറാകാതിരുന്നതോടെ കുട്ടികള്‍ കരച്ചിലായി.
കുട്ടികള്‍ക്ക് ബസ് നിർത്തി നല്‍കണമെന്ന് സഹയാത്രികരും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ഇതോടെ യാത്രക്കാർ കൊരട്ടി പോലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോള്‍ ബസ് നിർത്തി നല്‍കാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാല്‍ തിരികെപ്പോകാൻ വഴി അറിയില്ലെന്ന് കുട്ടികള്‍ പറഞ്ഞു.
തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്. രാത്രിയാത്രക്കാരായ വിദ്യാർഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതില്‍ യാത്രക്കാർ പ്രതിഷേധിച്ചു.














































































