കൊല്ലം : ഓണാട്ടുകരയുടെ കരുത്തും മെയ്‍വഴക്കവും ആയോധനവൈഭവവും വെളിവാക്കുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി വെള്ളി, ശനി (16, 17 ) ദിവസങ്ങളിൽ നടക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽനിന്നുള്ള മുന്നൂറോളം കളിസംഘങ്ങളുടെ എറ്റുമുട്ടൽ കാണാൻ ആയിരങ്ങൾ പടനിലത്തേക്ക് ഒഴുകിയെത്തും. രണ്ടു നൂറ്റാണ്ടുമുമ്പ് കായംകുളം, വേണാട് രാജാക്കന്മാർ തമ്മിൽ നടന്ന യുദ്ധത്തിന്റെ സ്മരണയാണ് ഓച്ചിറക്കളിയുടെ ഐതീഹ്യമെന്ന് പറയുന്നു.
അഭ്യാസികളെ പരിശീലിപ്പിക്കുന്നതിനായി ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനം ഇടവം ഒന്നിനുതന്നെ കളരിപൂജയോടെ ഓണാട്ടുകരയിലെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ചിരുന്നു. ദിവസവും പുലർച്ചെയും വൈകിട്ടുമാണ് കളരിയാശാന്മാരുടെ നേതൃത്വത്തിൽ അഭ്യാസമുറകൾ പരിശീലിപ്പിക്കുന്നത്. അഭ്യാസത്തിനും മെയ്‌വഴക്കത്തിനുമുള്ള ചിട്ടകളാണ് ആദ്യം പരിചയപ്പെടുത്തുക. തുടർന്ന് പ്രത്യേക വായ്‌ത്താരിയും 12 ചുവടുകളും 18 അടവുകളും അഭ്യസിപ്പിക്കും. പിന്നീട് വടി, വാൾ, പരിച, കഠാര തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള വെട്ടും തടയും പരിശീലിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പരിശീലനമാണ് നൽകുന്നത്.

ഓച്ചിറക്കളിക്ക് മുന്നോടിയായി എട്ടുകണ്ടം, തകിടിക്കണ്ടം, കല്ലുകെട്ടുചിറ, പടനിലം എന്നിവിടങ്ങളിലെ ശുചീകരണവും പൂർത്തിയായി. 16ന് രാവിലെ 7.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി സത്യൻ പതാക ഉയർത്തും.
പകൽ 11ന് എംഎൽഎമാരായ യു പ്രതിഭയും സി ആർ മഹേഷും ദീപം തെളിക്കുന്നതോടെ ഓച്ചിറക്കളിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തുടർന്ന് ഋഷഭവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രഭരണസമിതി ഭാരവാഹികൾ, സ്ഥാനികൾ, കാരായ്മ വിഭാഗക്കാർ, കളരി സംഘങ്ങൾ എന്നിവർ എട്ടുകണ്ടം ചുറ്റി ഘോഷയാത്ര നടത്തും. 1.30ന് കളിസംഘങ്ങൾ കരക്കളിക്കു ശേഷം എട്ടുകണ്ടത്തിൽ ഇറങ്ങി ഓച്ചിറക്കളിക്ക് തുടക്കംകുറിക്കും. കളിസംഘങ്ങളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗ്രാന്റുകൾ വിതരണംചെയ്യുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ഓച്ചിറക്കളി കൂടുതൽ വർണാഭമാക്കാൻ നൂറുപേരടങ്ങുന്ന സംഘങ്ങളുടെ കളരിപ്പയറ്റും ഇത്തവണ പടനിലത്ത് നടക്കും.
